Saturday, June 14, 2025

ജില്ലയില്‍ നാലാം തവണയും ഒന്നാമത് എളവള്ളി ഗ്രാമപഞ്ചായത്ത്

ജില്ലയില്‍ നാലാം തവണയും ഒന്നാമത് എളവള്ളി ഗ്രാമപഞ്ചായത്ത്

മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ എളവള്ളി ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ മികച്ച പഞ്ചായത്തും ജില്ലയില്‍ ഒന്നാമതുമായി നാലാം തവണയും തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോകസിന്റെ നേതൃത്വത്തിലാണ് തൃശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം നേടിയത്.

സംസ്ഥാനത്ത് ആദ്യമായി ഡയപ്പര്‍ സംസ്‌കരണ കേന്ദ്രം സ്ഥാപിച്ചത് മാലിന്യ സംസ്‌കരണ രംഗത്തെ എളവള്ളി മോഡല്‍ എന്ന അംഗീകാരവും കാക്കശേരി ഇന്ദ്രാം ചിറ നവീകരണത്തിലൂടെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ മികച്ച അമൃത് സരോവര്‍ അംഗീകാരവും പഞ്ചായത്തിന് നേടികൊടുത്തു. ഇ-മുറ്റം പദ്ധതിയിലൂടെ ഡിജിറ്റല്‍ സാക്ഷരത നേടുന്ന ജില്ലയിലെ ആദ്യ പഞ്ചായത്തായും എളവള്ളി മാറി.

ലൈഫ് പദ്ധതിക്കായി 2.26 ഏക്കര്‍ സ്ഥലം പഞ്ചായത്ത് സ്വന്തമായി കണ്ടെത്തി. പഞ്ചായത്തിലെ 32 റോഡുകള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചു. എം.എല്‍.എ.ഫണ്ടും മറ്റ് സര്‍ക്കാര്‍ ഫണ്ടുകളും ലഭ്യമാക്കി 40 പുതിയ കോണ്‍ക്രീറ്റ് റോഡുകള്‍ക്കായും പദ്ധതി തയ്യാറാക്കിവരികയണ്. ഗ്രാമീണ ജനങ്ങളുടെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്നായി കെ. എസ്. ആര്‍. ടി. സി. യുമായി സഹകരിച്ച് നടപ്പിലാക്കിയ ഗ്രാമവണ്ടി , ബി.എം.ബി.സി. നിലവാരത്തില്‍ മറ്റം – ചേലൂര്‍ -വാക റോഡ്, പാവറട്ടി – ചിറ്റാട്ടുകര റോഡ് എന്നിവ നിര്‍മിച്ചു. താമരപ്പിള്ളി – ചൊവ്വല്ലൂര്‍ പടി റോഡിന്റെ നിര്‍മാണം നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 കോടി രൂപ വകയിരുത്തി നിര്‍മാണം പുരോഗമിക്കുയാണ്. ആധുനിക സൗകര്യങ്ങളോടെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി നീഹാരം ബഡ്‌സ് സ്‌കൂളും, ടൂറിസം ഡെസ്റ്റിനേഷന്റെ ഭാഗമായി മണച്ചാലില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ആന്‍ഡ് കയാക്കിങ് പദ്ധതിയും അതിവേഗം പൂര്‍ത്തീകരിച്ച് വരികയാണ്. ഗ്രാമപഞ്ചായത്തിലെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹരിഹാരം കാണുന്നതിന്നായി മണച്ചാലില്‍ 64 ഏക്കറില്‍ കൃത്രിമ തടാകം നിര്‍മ്മിക്കുന്നതിന്റെ പ്രവര്‍ത്തികളും നടന്നുവരികയാണ്.

ജല്‍ ജീവന്‍ മിഷനില 45 കോടി രൂപ ചെലവില്‍ തിരുവില്വാമല ബള്‍ക്ക് വാട്ടര്‍ പദ്ധതിയ്ക്ക് അംഗീകാരം നേടി ടെണ്ടര്‍ നടപടി സ്വീകരിച്ചു. ആയുര്‍വേദ സബ്ബ് സെന്റര്‍, കുടുംബാരോഗ്യ കേന്ദ്രം നവീകരണത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍, 25 അങ്കണവാടികള്‍ കെട്ടിടങ്ങള്‍, അഞ്ച് സ്മാര്‍ട്ട് അങ്കണവാടികള്‍, വാക പുഴ, കോലാരി തോട്, കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട് എന്നിവയുടെ ഒഴുക്ക് സുഗമമാക്കല്‍, പൂവ്വത്തൂര്‍ ബസ് സ്റ്റാന്‍ഡ് കോണ്‍ക്രീറ്റിങ്ങ്, ഗ്രാമപഞ്ചായത്ത് അതിര്‍ത്തികളില്‍ സി.സി.ടി.വി. സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി. പൊന്തക്കാടുകള്‍ വെട്ടി മാറ്റുന്നതിന് സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി. പോത്തന്‍കുന്നില്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുന്ന ഹെലിപ്പാഡും യാഥാര്‍ഥ്യമാകുന്നതോടെ എളവള്ളി ഗ്രാമപഞ്ചായത്ത് പുതിയ വികസന മാതൃകകളാണ് സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *