ആഘോഷിക്കാം വിഷുക്കാലം:ജനകീയ വിഷു വിപണിയുമായിപഴയന്നൂർ പഞ്ചായത്ത്
ആഘോഷിക്കാം വിഷുക്കാലം:ജനകീയ വിഷു വിപണിയുമായിപഴയന്നൂർ പഞ്ചായത്ത്

പച്ചക്കറികളുടെ വില വർദ്ധനവ് മൂലം വലയുന്ന മലയാളിയുടെ വിഷുക്കാലത്ത് ആശ്വാസമായി സ്വന്തമായി വിഷു വിപണനമേള ഒരുക്കിയിരിക്കുകയാണ് കുടുംബശ്രീയുമായി സഹകരിച്ച് കൊണ്ട് പഴയന്നൂർ ഗ്രാമ പഞ്ചായത്ത്. കുടുംബശ്രീയുടെ ജെ എൽ ജി യൂണിറ്റുകൾ വഴി സ്വന്തമായി കൃഷി ചെയ്തു ഉത്പാദിപ്പിച്ച പച്ചക്കറികൾ ആണ് വിഷു വിപണന മേളയിൽ വിൽപനക്കായി ഒരുക്കിയത്. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സാധാരണ ജനങ്ങൾക്ക് വിഷുവിന് പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള നടത്തുന്നത്.
ഏപ്രിൽ 11 മുതൽ 13 വരെ നടക്കുന്ന മേളയിൽ വൻ തിരക്ക് ദൃശ്യമാണ്. ജൈവ രീതിയിൽ കൃഷി ചെയ്തെടുത്ത പഴങ്ങളും പച്ചക്കറികളും വിപണന മേളയിൽ ലഭ്യമാണ്. സാധാരണക്കാരൻ്റെ ബജറ്റിന് താങ്ങുന്ന വിധത്തിലുള്ള, കുടുംബിനികൾക്ക് സഹായകമായ രീതിയിലാണ് കുടുംബശ്രീ വഴി പഞ്ചായത്തിൽ വിപണന മേള ഒരുക്കിയതെന്നു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മുരളീധരൻ പറഞ്ഞു.
ഏപ്രിൽ 11 ന് ആരംഭിച്ച വിഷു വിപണന മേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പഴയന്നൂർ കുടുംബശ്രീ ചെയർ പേഴ്സൺ രശ്മി സുന്ദരൻ അധ്യക്ഷയായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യ വിനീത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എ കെ ലത, പഞ്ചായത്ത് അംഗങ്ങളായ എൻ യശോദ, എസ് സുജ, വി കൃഷ്ണൻകുട്ടി, വി പ്രദീപ്, പി അബ്ദുള്ള, സി ഡി എസ് വൈസ് ചെയർപേഴ്സൺ ഗീത നാരായണൻ, ബ്ലോക്ക് കോർഡിനേറ്റർ ഉമൈബ റഫീക്ക്, അസിസ്റ്റൻ്റ് സെക്രട്ടറി ആർ മല്ലിക തുടങ്ങിയവർ പങ്കെടുത്തു.