വടക്കാഞ്ചേരി: കാട്ടാന പ്രശ്നത്തിൽ സർക്കാർ നിഷ്ക്രിയത്വത്തിനെതിരെ യുഡിഎഫ് മാർച്ച്
വടക്കാഞ്ചേരി: കാട്ടാന പ്രശ്നത്തിൽ സർക്കാർ നിഷ്ക്രിയത്വത്തിനെതിരെ യുഡിഎഫ് മാർച്ച്

മേഖലയിൽ രൂക്ഷമാകുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിൽ എൽഡിഎഫ് സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെ യുഡിഎഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. വടക്കാഞ്ചേരി ടൗണിൽ നിന്നും മച്ചാട് ഫോറസ്റ്റ് റെയ്ഞ്ചർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിരവധി ആളുകൾ പങ്കെടുത്തു.
മുൻ എംഎൽഎ എൻ.പി. വിൻസെന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഈ നാടിനെ രക്ഷിക്കാൻ നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്ന പുതിയ പരിഗണനകൾ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി മുഴുവൻ ജനങ്ങളുടെയും പിന്തുണ യുഡിഎഫിന് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ചെയർമാൻ എന്നെ സാബു അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ദിവസം വടക്കാഞ്ചേരി നഗരസഭയിലെ ചേപ്പലക്കോട് വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ കൃഷിനാശം വരുത്തിയത് ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആനയെ കണ്ട് ഓടുന്നതിനിടയിൽ ഒരു യുവാവിന് പരിക്കേറ്റ സംഭവം സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. വർഷങ്ങളായി ഈ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. കാർഷിക വിളകളും ജീവനും സ്വത്തിനും ഭീഷണിയായിട്ടും അധികൃതർ കാഴ്ചക്കാരായി നിൽക്കുകയാണ്.
സൗര തൂക്കു വേലി സ്ഥാപിക്കണമെന്ന യുഡിഎഫിന്റെ നിരന്തരമായ ആവശ്യം സർക്കാർ ചെവിക്കൊള്ളുന്നില്ല. പകരം, സ്ഥലം എംഎൽഎ സാധാരണ സൗര വേലി സ്ഥാപിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ധർണ്ണ ഉദ്ഘാടനം ചെയ്ത യുഡിഎഫ് നേതാക്കൾ സർക്കാരിന്റെ നിസ്സംഗത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞു. വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതിലും, നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര സഹായം നൽകുന്നതിലും സർക്കാർ അലംഭാവം കാണിക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യുഡിഎഫ് മുന്നറിയിപ്പ് നൽകി.
സി.വി. കുരാക്കോസ്, രാജേന്ദ്രൻ അരങ്ങത്ത്, പി.ജെ. ജയദീപ്, കെ. അജിത് കുമാർ, KDP സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട്, തോമാസ് മാഷ്, എസ്.എ.എ. ആസാദ്, സെലക്ട് മുഹമ്മദ് എന്നിവർ മാർച്ചിൽ സംസാരിച്ചു. കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് തുടങ്ങിയ ഘടകകക്ഷി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. മനുഷ്യ വന്യജീവി സംഘർഷത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ഒറ്റ സ്വരത്തിൽ ആവശ്യപ്പെട്ടു.