Friday, June 13, 2025

അകമലയിലും ചേപ്പലക്കോട്ടും കാട്ടാന ഭീതി തുടരുന്നു; MLA വാഗ്ദാനം ലംഘിച്ചു, നഗരസഭ നിഷ്‌ക്രിയം – കെ. അജിത് കുമാർ

അകമലയിലും ചേപ്പലക്കോട്ടും കാട്ടാന ഭീതി തുടരുന്നു; MLA വാഗ്ദാനം ലംഘിച്ചു, നഗരസഭ നിഷ്‌ക്രിയം – കെ. അജിത് കുമാർ

വടക്കാഞ്ചേരി നഗരസഭയിലെ അകമലയിലും ചേപ്പലക്കോട്ടും കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ വ്യാപകമായ കൃഷി നാശം വരുത്തിയിരിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. ചേപ്പക്കോട് മുതൽ പട്ടാണിക്കാട് വരെ 6 കിലോമീറ്റർ ദൂരം സൗരോർജ്ജ തൂക്കു വേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെയും കോൺഗ്രസ് പാർട്ടിയുടെയും ആവശ്യം വടക്കാഞ്ചേരി MLA അംഗീകരിക്കുകയും പലയിടത്തും പ്രഖ്യാപിക്കുകയും ചെയ്തതാണ്. എന്നാൽ, ദൗർഭാഗ്യവശാൽ അദ്ദേഹം ഇപ്പോൾ ഈ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയിരിക്കുകയാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ ശക്തമായി വിമർശിച്ചു.

കൃഷി മാത്രം ഉപജീവനമാർഗ്ഗമായുള്ള ഈ മലയോര മേഖലയിൽ വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകൾ കാട്ടാനകൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഇത് പ്രദേശവാസികളുടെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വന്യജീവി ശല്യം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിക്കും വനം പരിസ്ഥിതി മന്ത്രാലയത്തിനും നിരവധി കത്തുകൾ അയച്ചിട്ടും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. ഇതിൻ്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി സോളാർ വേലികൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഇത് കേവലം രണ്ടോ മൂന്നോ കമ്പികൾ വലിച്ചു കെട്ടുന്നതിൽ ഒതുങ്ങുന്നത് കാട്ടാന ശല്യം തടയാൻ പര്യാപ്തമല്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

വടക്കാഞ്ചേരി MLA ക്കും നഗരസഭാ ഭരണസമിതിക്കും ഈ ഗുരുതരമായ വിഷയത്തെക്കുറിച്ച് ബോധ്യമുണ്ടായിട്ടും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും സംസ്ഥാന ഭരണകൂടത്തിന്റെയും ഈ അലംഭാവം അംഗീകരിക്കാനാവില്ല.
അടിയന്തരമായി നഗരസഭയും MLA യും ഈ ജനകീയ വിഷയത്തിൽ അലംഭാവം വെടിഞ്ഞ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അല്ലാത്തപക്ഷം കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ അകമലയിലെയും ചേപ്പലക്കോട്ടെയും ജനങ്ങളെ മുൻനിർത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ. അജിത് കുമാർ ഈ അവസരത്തിൽ മുന്നറിയിപ്പ് നൽകി.

DCC സെക്രട്ടറി പി. എൻ രാജു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ഇസ്മായിൽ, ഡിവിഷൻ കൗൺസിലർ ബുഷറ റഷീദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ശശിമംഗലം തുടങ്ങിയ നേതാക്കൾ കാട്ടാന നാശനഷ്ടം വരുത്തിയ പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതബാധിതർക്ക് ആശ്വാസം പകരുകയും ചെയ്തു. ജനങ്ങളുടെ ഭീതി അകറ്റി സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ പോരാട്ടം നടത്തുമെന്നും നേതാക്കൾ ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *